ശബരിമല: കേടായ അരവണ ഈ തീർഥാടനകാലത്തിന് മുൻപ് നശിപ്പിക്കും; ടെൻഡറിന് അംഗീകാരം; ദേവസ്വം ബോര്‍ഡിന് നഷ്ടം 7.80 കോടി

പത്തനംതിട്ട: ഒന്നരവർഷത്തിലേറെയായി ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഈ തീർഥാടനകാലത്തിന് മുൻപ് നശിപ്പിക്കും.

ഇതിനുള്ള ടെൻഡർ ദേവസ്വംബോർഡ് അംഗീകരിച്ചു. ടെൻഡർ എടുത്ത കമ്പനിയുമായി ദേവസ്വം ബോർഡ് കരാർ വെക്കുന്നതോടെ സന്നിധാനത്തുനിന്ന് അരവണ നീക്കും. കേടായ അരവണ വളമാക്കും. എറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനീയറിങ് സൊല്യൂഷൻസ് കമ്പനി 1.15 കോടി രൂപയ്ക്കാണ് കരാർ എടുത്തത്.

മൂന്ന് കമ്പനികളില്‍ എറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് ഈ കമ്പനിയാണ്. അനുവദനിയമായതില്‍ കൂടുതല്‍ കീടനാശിനി ഉണ്ടെന്ന് കണ്ടതിനെത്തുടർന്ന് 2023 ജനുവരി 11-നാണ് ഈ അരവണയുടെ വില്‍പ്പന ഹൈക്കോടതി തടഞ്ഞത്. ദേവസ്വംബോർഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍, അരവണയില്‍ ചേർത്ത എലയ്ക്കയില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉണ്ടെന്ന് ഹർജിക്കാരന് തെളിയിക്കാൻ കഴിഞ്ഞില്ല. കേസ് തള്ളിപ്പോകുകയും ചെയ്തു.

പക്ഷേ, മാസങ്ങള്‍ പലത് കഴിഞ്ഞതിനാല്‍ ആ അരവണ ഭക്തർക്ക് നല്‍കേണ്ട എന്ന് ദേവസ്വംബോർഡ് തീരുമാനിച്ചു. 6.65 കോടി രൂപ വിലവരുന്ന അരവണയാണ് വില്‍ക്കാൻ കഴിയാതെവന്നത്. ഇത് നശിപ്പിക്കാൻ 1.15 കോടി രൂപയുടെ ടെൻഡറിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയത്. ഫലത്തില്‍ 7.80 കോടി രൂപയുടെ നഷ്ടമാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന് ഉണ്ടാകുക.

മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള വലിയ ഹാളിലാണ് കേടായ അരവണ സൂക്ഷിച്ചിരിക്കുന്നത്. നവംബർ 16-നാണ് മണ്ഡലകാല ആരംഭം. അതിന് മുൻപ് അരവണ സന്നിധാനത്തുനിന്ന് നീക്കും. അരവണ എങ്ങനെ നശിപ്പിക്കും എന്ന കാര്യത്തിലും ടെൻഡർ നടപടിക്രമം വൈകിയതുമാണ് ഇത്രയും കാലതാമസം ഉണ്ടാക്കിയത്.

വനത്തില്‍ നശിപ്പിക്കാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ വനനിയമങ്ങള്‍ തടസ്സമായതിനാല്‍ അടുത്തമാർഗമായി ടെൻഡർ വിളിക്കുകയായിരുന്നു.

ടെൻഡറില്‍ ആദ്യം ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് രംഗത്തുവന്നത്. ഒരു കമ്പനിമാത്രം വന്നതിനാല്‍ ലേലവ്യവസ്ഥ പ്രകാരം വീണ്ടും ടെൻഡർ വിളിച്ചു. അപ്പോഴും ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഹിന്ദുസ്ഥാൻ ഉള്‍പ്പെടെ മൂന്ന് കമ്ബനികള്‍ രംഗത്തുവന്നു. അതില്‍ എറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിങ് സൊല്യൂഷൻസാണ്.