കോഴിക്കോട്ട് പ്ലാസ്മോഡിയം ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യം

കോഴിക്കോട്: കോഴിക്കോട്ട് ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചു.

മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനാണ് പ്ലാസ്മോഡിയം ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചത്. ഈ രോഗം സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് അപൂര്‍വ ഇനം മലമ്ബനി കണ്ടെത്തിയത്. കുന്ദമംഗലം സ്വദേശിയായ യുവാവിനാണ് ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചത്.

ജനറല്‍ മെഡിസിൻ വിഭാഗത്തിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

യുവാവ് നേരത്തെ ജോലി ആവശ്യാര്‍ഥം മുംബൈയില്‍ പോയിരുന്നു. മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയല്‍ തുടങ്ങിയവയാണ് പ്ലാസ്മോഡിയം ഒവൈല്‍ മലേറിയയുടെയും ലക്ഷണങ്ങള്‍. കൊതുകുകളാണ് രോഗം പരത്തുക.