താലൂക്ക് അടിസ്ഥാനത്തിൽ പരമ്പരാഗത ഔഷധങ്ങള്‍ കുറഞ്ഞ വിലയില്‍…! ആയുഷ് വിഭാഗത്തിലും ജനൗഷധികള്‍ വരുന്നു; പ്രഖ്യാപനം നടത്തി മന്ത്രി പ്രതാപ് റാവു ജാദവ്; 150-ലേറെ ചികിത്സാരീതികള്‍ കൂടി ആയുഷ്മാൻ പദ്ധതിയുടെ ഭാഗമാക്കാനും നീക്കം

തൃശ്ശൂർ: രാജ്യത്തെ താലൂക്കുകള്‍ അടിസ്ഥാനമാക്കി പരമ്പരാഗത ഔഷധങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ജനൗഷധി മാതൃകയിലുള്ള സംവിധാനം വരുന്നു.

ഇതു സംബന്ധിച്ച്‌ തീരുമാനമായതായി കേന്ദ്ര ആയുഷ് വിഭാഗം മന്ത്രി പ്രതാപ് റാവു ജാദവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ആയുഷ് വിഭാഗത്തില്‍ നിന്ന് 150-ലേറെ ചികിത്സാരീതികള്‍ കൂടി ആയുഷ്മാൻ പദ്ധതിയുടെ ഭാഗമാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.

സമൂഹത്തിനും ആയുഷ് വിഭാഗത്തിനും ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിതെന്നാണ് വിലയിരുത്തല്‍.
കുറഞ്ഞ വിലയില്‍ അലോപ്പതി മരുന്നുകള്‍ വിതരണം ചെയ്യുന്ന ജനൗഷധി പദ്ധതി വലിയ വിജയമാണെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ ആയുഷ് വിഭാഗത്തിലേക്കും ഇത്
വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം.
കുത്തകാവകാശമില്ലാത്ത മരുന്നുകള്‍ പൊതുമേഖലാസ്ഥാപനം വഴി നിർമിച്ച്‌ വിതരണം ചെയ്യാനാണ് ആലോചന. ഇത്തരം മരുന്നുകള്‍ സ്വകാര്യമേഖലയില്‍നിന്ന് ടെൻഡറിലൂടെ സംഭരിക്കാനും പദ്ധതിയുണ്ട്. ഏതൊക്കെ മരുന്നുകള്‍ ഉള്‍പ്പെടുത്തണമെന്ന ആലോചനകളും തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ അലോപ്പതിയിലേതുപോലെ ഫലപ്രദമായി ഇത് നടപ്പാക്കാനാകുമോയെന്ന സന്ദേഹം പലരും പ്രകടിപ്പിക്കുന്നുണ്ട്.
ഇതിനിടെ കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻഭാരതില്‍ ആയുഷ് വിഭാഗത്തിലെ കൂടുതല്‍ ചികിത്സാരീതികളെക്കൂടി ഉള്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. അടുത്തിടെ നടന്ന ഉന്നതതല സമിതി 150-ലധികം ഇനം തിരഞ്ഞെടുത്തു. ദിവസവും പരമാവധി 5000 രൂപ വരെ ചെലവ് വരാവുന്ന ഇനങ്ങളാണിവയെല്ലാം. പട്ടിക നാഷണൽഹെല്‍ത്ത് അതോറിറ്റി പരിശോധിച്ചശേഷം ശുപാർശ ചെയ്യും.