കൊച്ചി: നവകേരള സദസില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്. കരിക്കുലത്തിന് പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാൻ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിന് എതിരായ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. നവകേരള സദസില്‍ ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കും.
ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന ഉത്തരവും പിൻവലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. കുട്ടികളെ വെയിലത്ത് നിറുത്തിയെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.
തലശേരിയില്‍ നിന്ന് കൂത്തുപറമ്ബ് മണ്ഡലത്തിലെ പാനൂരിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ റോഡില്‍ നിറുത്തിയത്. സംഭവത്തില്‍ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍ കേസെടുത്തിരുന്നു.
