വോട്ടെണ്ണലിന് മുമ്പേ അക്കൗണ്ട് തുറന്ന് ബിജെപി, ഒപ്പിൽ വലഞ്ഞ് അവസാനം കോൺ​ഗ്രസ് പുറത്തായി, ബിഎസ്പിയുടേയും സ്വതന്ത്രരുടേയും പത്രിക തള്ളിയത് ബിജെപി നീക്കമോ? എതിരില്ലാതെ മുകേഷ് ദലാൽ എംപി പദത്തിലേയ്ക്ക്

സൂറത്ത്: എക്സിറ്റ് പോളും വോട്ടെണ്ണലും വേണ്ട. വോട്ടെണ്ണൽ തുടങ്ങും മുമ്പേ ബിജെപി സീറ്റ് സ്വന്തമാക്കി. എതിരില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ സൂറത്തിൽ വിജയിച്ചിരിക്കുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക തള്ളിയതാണ് ബിജെപിക്ക് അനുകൂലമായത്. പത്രിക തള്ളിയതോടെ നിലേഷ് കുംബാനി ബിജെപിയിൽ ചേരുകയും ചെയ്തു. അതുകൊണ്ട് തന്നെ ആദ്യ ഫല സൂചനകൾ വരും മുമ്പേ ബിജെപി സീറ്റ് ഉറപ്പിച്ചു.

ഒപ്പിൽ മാറ്റമുണ്ടെന്ന് വ്യക്തമാക്കിയാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. പിന്നാലെ ബിഎസ്പിയും സ്വതന്ത്രരും പത്രിക പിൻവലിച്ചതോടെ ബിജെപി വിജയം ഉറപ്പിച്ചു.

എന്നാൽ, കോൺ​ഗ്രസിന്റെ പത്രിക തള്ളിയതിനും മറ്റുള്ളവർ പിന്മാറിയതിനും പിന്നിൽ ബിജെപിയുടെ തന്ത്രമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെങ്കിലും ഇതും തെരെഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.