ടിക്കറ്റിന് മൂന്ന് രൂപ കുറവ്; ആറാം ക്ലാസുകാരിയെ പാതിവഴിയില്‍ ഇറക്കിവിട്ട് ബസ് ജീവനക്കാരൻ

സ്വന്തം ലേഖകൻ

തൃശൂര്‍: ബസ് ചാര്‍ജായി നല്‍കിയ തുക കുറവാണെന്ന് കാണിച്ച്‌ ആറാംക്ലാസുകാരിയെ സ്വകാര്യ ബസ് ജീവനക്കാരൻ പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി.

വെള്ളിയാഴ്ച വൈകിട്ടാണ് പഴമ്ബാലക്കോട് എസ്‌എംഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കി‌വിട്ടത്. സംഭവത്തെ തുടര്‍ന്ന് ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന അരുണ ബസിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പെണ്‍കുട്ടിക്ക് പോകേണ്ടിയിരുന്നത്. സാധാരണ സ്കൂള്‍ ബസില്‍ പോകുന്ന കുട്ടി സ്വകാര്യ ബസില്‍ കയറുകയായിരുന്നു.

കുട്ടിയുടെ കയ്യില്‍ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. തുടര്‍ന്ന് കയ്യില്‍ അഞ്ച് രൂപയില്ലാത്തതിനാല്‍ കുട്ടിയെ കണ്ടക്ടര്‍ വീടിന് രണ്ടു കിലോമീറ്റര്‍ മുൻപിലുള്ള ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു എന്ന് പെണ്‍കുട്ടിയടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

കണ്ടക്ടറുടെ നടപടിയെ തുടര്‍ന്ന് വഴിയില്‍ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.