കോട്ടയം കുടക്കച്ചിറയിൽ കിണറ്റില്‍ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കോട്ടയം: കിണറ്റില്‍ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കോട്ടയം കരൂ‌ർ പഞ്ചായത്ത് കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിന് സമീപം വല്ലയില്‍ ഓന്തനാല്‍ ബിജു പോളിന്റെ മകൻ ലിജു ബിജു (10) ആണ് മരിച്ചത്.

കുടക്കച്ചിറ സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയാണ്. പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ് ചെളിയില്‍ പുതയുകയായിരുന്നു.

നാട്ടുകാ‌ർ ചേർന്ന് ഉടൻതന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നുരാവിലെ 10.40ഓടെയായിരുന്നു സംഭവം.

അടുത്തദിവസം ആദ്യ കുർബാന സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലിജു. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കുമൊപ്പം കളിച്ചുകൊണ്ടിരിക്കവേയായിരുന്നു സംഭവം.

കിണറ്റില്‍വീണ പന്ത് കുട്ട ഉപയോഗിച്ച്‌ ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.
സംഭവസമയം മാതാപിതാക്കള്‍ മറ്റ് ജോലികളില്‍ ഏർപ്പെട്ടിരിക്കുകയായിരുന്നു.