വീട്ടുവളപ്പിൽ നായയെ തുറന്നുവിട്ടശേഷം ലഹരിവിൽപ്പന, രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തിയ പോലീസിനു നേരെ നായയെ അഴിച്ചുവിട്ട് യുവാവ് മുങ്ങി; നായയെ വിദഗ്ധമായി മുറിയിൽ കയറ്റി വാതിലടച്ചു; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും പോലീസും നടത്തിയ അന്വേഷണത്തിൽ കാൽ കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു

കോട്ടയം: ക്രിമിനൽ കേസ് പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട് യുവാവ് കടന്നുകളഞ്ഞു.

ആക്രമത്തിനൊരുങ്ങിയ നായയെ വിദഗ്ധമായി മുറിയിൽ കയറ്റിയ ശേഷം പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് കാൽ കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ കേസിൽപെട്ട യുവാവ് നട്ടാശേരി പാറമ്പുഴയിൽ വാടകവീട്ടിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണു ഗാന്ധിനഗർ പോലീസ് എത്തിയത്. ഇന്നലെ രാത്രി 7.30ന് ആയിരുന്നു സംഭവം.

കേസുകളിൽ പ്രതിയായ സൂര്യൻ എന്ന യുവാവിനെ തേടിയാണ് എത്തിയതെന്നു ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്ത് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഡിവൈഎസ്പി കെ.ജി.അനീഷ്, നർകോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു.

നായയെ അഴിച്ചുവിട്ട ശേഷം പ്രതി കടന്നു കളഞ്ഞിരുന്നു. പിറ്റ് ബുൾ ഇനത്തിലുള്ള നായ കുരച്ച് ആക്രമണത്തിന് ശ്രമിച്ചെങ്കിലും പോലീസ് വിദഗ്ധമായി ഇതിനെ വീടിന്റെ മുറിയിൽ കയറ്റി വാതിലടച്ചശേഷം മറ്റു മുറികളിൽ പരിശോധന നടത്തുകയായിരുന്നു.

തുടർന്നു നടന്ന പരിശോധനയിലാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഈ വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. വീട്ടുവളപ്പിൽ നായയെ തുറന്നുവിട്ട ശേഷമായിരുന്നു ലഹരി വിൽപന.

കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് എംഡിഎംഎ വിൽപന നടത്തുന്നതെന്നു പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.