കോട്ടയം: കോട്ടയത്തെ പന്നിവളര്‍ത്തല്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു.
ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ നീറുകയാണ് പന്നി കര്‍ഷകര്‍. ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി നല്ല വില പറഞ്ഞുറപ്പിച്ചു വച്ചിരുന്ന പന്നികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്
അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്നും എങ്ങനെ കരകയറണമെന്നറിയാതെ വലയുകയാണ് കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളില്‍ രോഗം സ്ഥിരീകരിച്ചതോടെ സമീപത്തെ മറ്റു പഞ്ചായത്തുകളിലെ പന്നി ഫാമുകളും ആശങ്കയിലാണ്.
ക്രിസ്മസ് വിപണി പ്രതീക്ഷിച്ചു വീട്ടില്‍ ഒന്നോ രണ്ടോ പന്നിയെ വളര്‍ത്തുന്നവരും കോട്ടയത്തുണ്ട്. ഇവര്‍ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൂടുതല്‍ നഷ്ടം ഭയന്ന് ഭൂരിഭാഗം കര്‍ഷകരും കൃഷിയില്‍ നിന്നു പിന്തിരിഞ്ഞു. ഇതോടെ പന്നിയിറച്ചിയുടെ വില 380 രൂപയില്‍ നിന്നു 400 രൂപയായി ഉയര്‍ന്നു. ഈ വിലയ്ക്കും പലയിടങ്ങളിലും ഇറച്ചി കിട്ടാനില്ല. ആഘോഷ സമയങ്ങളില്‍ വില 500ലേക്ക് എത്തും. തമിഴ്‌നാട്ടില്‍ നിന്നുമെത്തിക്കുന്ന ഗുണനിലവാരമില്ലാത്ത ഇറച്ചി വ്യാപകമായി വിറ്റഴിക്കുന്നുമുണ്ട്.
പന്നി വളര്‍ത്തലില്‍ നിന്നു പിന്മാറിയവര്‍ പോലും ക്രിസ്മസ് വിപണിയിലെ ആവശ്യക്ത പ്രതീക്ഷിച്ച് പന്നി വളര്‍ത്തല്‍ ആരംഭിച്ചിരുന്നു. ഇവര്‍ക്കും ആഫ്രിക്കന്‍ പന്നിപ്പനിയുടെ സാന്നിധ്യം തിരിച്ചടിയാണ്.
പന്നിപ്പനി ഇല്ലാത്ത മേഖലയില്‍ പോലും പന്നിയെടുക്കുന്നവര്‍ വില കുറച്ചു വാങ്ങിക്കുകയും മറ്റിടങ്ങളില്‍ നിന്നു കൊണ്ടു വന്ന പന്നിയാണെന്ന് പറഞ്ഞു കൂടിയ വിലയ്ക്കു വില്‍പ്പന നടത്തുകയും ചെയ്യും. ഇതോടെ ക്രിസമസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് പന്നി കഴിക്കാന്‍ കാത്തിരിക്കുന്നവര്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും മുടക്കേണ്ടി വരും.
