ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് മലാളിയായ യുവാവ് മരിച്ചു. ഇടുക്കി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അമൽ മോഹൻ (34) ആണ് മരിച്ചത്.
വെള്ളിയാഴ്ച സമുദ്രനിരപ്പില്‍ നിന്നും 6,000 മീറ്റര്‍ ഉയരത്തിലുള്ള ഗരുഡ കൊടുമുടി കയറുന്നതിനിടെ അമലിന് ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി വിഷ്ണു ജി നായർ അമലിൻ്റെ ആരോഗ്യനില മോശമാണെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു.
എൻഡിആർഎഫ് സംഘം ബേസ് ക്യാംപിൽ എത്തിച്ചെങ്കിലും അമലിന്റെ ജീവൻ രക്ഷിക്കാനായില്ല. കേദാര്‍നാഥില്‍ നിന്ന് അമലിന്റെ മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഈ മാസം 24ന് ആണ് അമൽ അടക്കം നാലംഗ സംഘം ട്രക്കിങ്ങിന് പോയത്.
