മുംബൈ: ഇന്ത്യാ ഗേറ്റ് ബസ്മതി അരിയുടെ നിർമ്മാതാക്കളായ കെആർബിഎല്‍ തങ്ങളുടെ ഒരു കിലോഗ്രാം അരി പാക്കറ്റുകള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചു. “ഇന്ത്യ ഗേറ്റ് പ്യുവർ ബസുമതി റൈസ് ഫീസ്റ്റ് റോസാന സൂപ്പർ വാല്യൂ പായ്ക്ക്” ആണ് തിരിച്ചുവിളിച്ചത്.
ഉല്‍പ്പന്നത്തില്‍ അനുവദനീയമായ പരിധി കവിഞ്ഞ കീടനാശിനിയുടെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെആർബിഎല്‍ തിരിച്ചുവിളിച്ച പാക്കറ്റുകളില്‍ രണ്ട് തരം കീടനാശിനികള്‍ അടങ്ങിയിട്ടുണ്ട്. തയാമെത്തോക്സം, ഐസോപ്രൂട്ടൂറോണ്‍ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇത് കഴിച്ചാല്‍ വൃക്കകളുടെയും കരളിൻ്റെയും ആരോഗ്യത്തെ ബാധിക്കും.
ബസുമതി അരിയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ ഒരാളും ഇന്ത്യയിലെ ഒരു പ്രധാന വിതരണക്കാരനുമാണ് കെആർബിഎല്‍. രണ്ട് പതിറ്റാണ്ടിലേറെയായി കെആർബിഎല്‍ ലിമിറ്റഡ് വ്യവസായത്തില്‍ കാലുറപ്പിച്ചിട്ട്.
തിരിച്ചുവിളിച്ച് ഉത്പന്നങ്ങള്‍ മൊത്തം ഒന്നിച്ചു പാക്ക് ചെയ്തവയായിരുന്നു. ഒറ്റ ബാച്ചാണ് എല്ലാം. മുന്നറിയിപ്പ് ലഭിച്ചപ്പോള്‍, ഞങ്ങള്‍ ബാച്ചിനെ തിരിച്ചറിയുകയും ഉടൻ തന്നെ വിപണിയില്‍ നിന്നും ഇവ തിരിച്ചു വിളിക്കാൻ തീരുമാനിച്ചതായും കെആർബിഎല്‍ വ്യക്തമാക്കി.
അരി ഒരു കാർഷികോല്‍പ്പന്നമായതിനാല്‍ കീടനാശിനി നിയന്ത്രണം കാർഷിക തലത്തിലാണെന്നും കെആർബിഎല്‍ പറഞ്ഞു. രാസവസ്തുക്കളോ കീടനാശിനികളോ ഉപയോഗിക്കാത്ത, സംസ്കരണം, പാക്കേജിംഗ് എന്നിവയ്ക്കുള്ള മികച്ച രീതികള്‍ പ്രയോഗിക്കുമെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കി. 1.1 കിലോഗ്രാം വരുന്ന പാക്കറ്റുകള്‍ 2024 ജനുവരിയില്‍ പാക്ക് ചെയ്തവയാണ്. ഇവയുടെ കാലഹരണ തീയതി 2025 ഡിസംബറില്‍ ആണ്. സംഭവത്തെത്തുടർന്ന്, ഇന്നലെ കമ്പനിയുടെ സ്റ്റോക്ക് 1.74 ശതമാനം ഇടിഞ്ഞു.
