ചെങ്കടല്‍ പ്രതിസന്ധി, കനത്ത ആക്രമണം; യെമനിലെ ഹൂതി വിമതര്‍ക്കെതിരെ സൈനിക നടപടി തുടങ്ങി അമേരിക്കയും ബ്രിട്ടനും.

യെമന്‍ : ഹൂതികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബിങ്ങില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി.ചരക്ക് കപ്പലുകള്‍ക്കുനേരെ തുടര്‍ച്ചയായി ഹൂതികള്‍ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു.

ചെങ്കടലിലെ യുദ്ധക്കപ്പലുകളില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കൻ യുദ്ധവിമാനങ്ങള്‍ യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ നടത്തിയത് കനത്ത ആക്രമണം. തലസ്ഥാനമായ സനാ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖമായ ഹുദൈദ, ചരിത്രനഗരമായ ധമര്‍ തുടങ്ങി 12 കേന്ദ്രങ്ങളില്‍ കനത്ത ബോംബിങ്.

ഓസ്‌ട്രേലിയ, കാനഡ, ബഹ്‌റൈൻ തുടങ്ങി പത്ത് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് അമേരിക്ക വിശദീകരിച്ചു. ആക്രമണത്തിന് അമേരിക്കയും ബ്രിട്ടനും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹൂതി വക്താവ് ഭീഷണി മുഴക്കി. ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഹൂത്തികള്‍ രണ്ട് മാസമായി ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ കനത്ത ആക്രമണം നടത്തിവരികയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഹൂതികളുടെ വാദം.

ആക്രമണം ഭയന്ന് ചരക്ക് കപ്പലുകള്‍ നേരായ പാത ഉപേക്ഷിച്ച്‌ വളഞ്ഞുചുറ്റി സഞ്ചരിക്കുന്നതിനാല്‍ ലോകമെങ്ങും ചരക്ക് നീക്കത്തിനുള്ള ചെലവ് കുതിച്ചുയര്‍ന്നിരുന്നു. ഈ സ്ഥിതി ഇനിയും തുടരാൻ ആവില്ലെന്നും ഹൂതികളുടെ ശക്തി ഇല്ലാതാക്കുംവരെ ആക്രമണം തുടരും എന്നുമാണ് അമേരിക്ക പറയുന്നത്. വര്ഷങ്ങളായി ഹൂതികള്‍ക്ക് എല്ലാ ആയുധ സാമ്ബത്തിക സഹായവും നല്‍കുന്ന ഇറാൻ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി പ്രധാനം.