തിരുവനന്തപുരം: ഫ്ളാറ്റ് സമുച്ചയങ്ങൾ അടക്കം മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത വൻകിട കെട്ടിടങ്ങൾ കേരളത്തിലും വ്യാപകം.
ഇവയ്ക്ക് ഫയർ ഫോഴ്സിൽ നിന്ന് അഗ്നിസുരക്ഷ എൻ.ഒ.സി ലഭ്യമായിട്ടുണ്ടെന്നുമാണ് വിവരം. 1500 ഓളം കെട്ടിടങ്ങൾ ഇത്തരത്തിൽ ഉണ്ടെന്നാണ് ഫയർ ഫോഴ്സ് തന്നെ അനൗദ്യോഗികമായി വിലയിരുത്തുന്നത്.
ഭൂരിഭാഗവും കോഴിക്കോട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ്. സംസ്ഥാനമൊട്ടാകെ നോക്കിയാൽ പത്ത് മടങ്ങ് വരുമെന്നാണ് കണക്ക്.
ചില ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ശുപാർശ പ്രകാരം എൻ.ഒ.സി നൽകുന്നതായി ആക്ഷേപമുണ്ട്. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ കെട്ടിടങ്ങളുടെ സുരക്ഷയും ചർച്ചാവിഷയമായത്.
രണ്ട് വർഷത്തിലൊരിക്കൽ എൻ.ഒ.സി പുതുക്കണമെന്നാണ് ചട്ടം. എന്നാൽ, പത്ത് വർഷമായി പുതുക്കാത്ത കെട്ടിടങ്ങൾ വരെയുണ്ടെന്ന് ഫയർഫോഴ്സ്തന്നെ പറയുന്നു.
മതിയായ അറ്റകുറ്റപ്പണി നടത്തി വർഷാവർഷം അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി ഉൾപ്പെടെ വാങ്ങണമെന്നാണ് ചട്ടം. എന്നാൽ, അതു പാലിക്കാറില്ല.
ഏറ്റവും കൂടുതൽ രോഗികളെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായാൽ നിലവിലെ സ്ഥിതി അനുസരിച്ച് അത് ഗുരുതരമാകും.
തുരുമ്പി പഴകിയ ഫയർ എക്സ്റ്റിൻഗ്യൂഷറുകളും പ്രവർത്തന രഹിതമായ വാട്ടർ സ്പ്രെയറുമാണ് അവിടെയുള്ളത്.
