തിരുവനന്തപുരം : എംടിയുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ കണ്ണു തുറപ്പിക്കട്ടെ എന്നും എംടിയുടെ വിമര്‍ശനം പിണറായിക്കും നരേന്ദ്ര മോദിക്കും ബാധകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംടി കാണിച്ച ആര്‍ജവം സാംസ്കാരിക നായകര്‍ക്ക് മാതൃകയാവട്ടെ എന്ന് പറഞ്ഞ രമേശ് ചെന്നിത്തല സ്തുതിപാടകര്‍ക്ക് അവസരങ്ങള്‍ എന്നതാണ് അവസ്ഥയെന്നും വിമര്‍ശിച്ചു.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമര്‍ശനങ്ങളുള്‍പ്പെട്ട പ്രസംഗം. അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി വരുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.
അധികാരം ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം. ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമാണ് അധികാരം എന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടിക്കഴിഞ്ഞു. റഷ്യൻ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി ആഞ്ഞടിച്ചിരുന്നു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു എം ടിയുടെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മൈക്കിനടുത്ത് നിന്ന് മാറിയതിന് പിന്നാലെയാണ് ചടങ്ങില്‍ മുഖ്യാതിഥിയായ എം ടി പ്രസംഗിക്കാനെത്തുന്നത്. മുഖ്യമന്ത്രിയോടുള്ള ആരാധന വ്യക്തമാക്കുന്ന ഗാനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായതിന് പിന്നാലെയാണ് എം ടി വാസുദേവൻ നായരുടെ പരോക്ഷ വിമര്‍ശനങ്ങളെന്നതും ശ്രദ്ധേയമാണ്.
