വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; പിന്നാലെ പ്രതി ജീവനൊടുക്കി, സംഭവം കർണാടകയിൽ

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്. പിന്നാലെ മണിക്കൂറുകള്‍ക്കുളളില്‍ യുവാവ് ജീവനൊടുക്കുകയും ചെയ്തു. കര്‍ണാടകയിൽ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം. യെല്ലാപൂര്‍ സ്വദേശിയായ 30കാരി രഞ്ജിതയാണ് കൊല്ലപ്പെട്ടത്. പ്രതിയായ റഫീക്ക് ഇമാംസാബും ഉത്തര കന്നഡ സ്വദേശിയായിരുന്നു. അങ്കണവാടിയിലെ പാചകക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ റഫീഖ് തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ അവിടെ നിന്നും രക്ഷപെട്ട യുവാവിനെ ഇന്നലെ പുലര്‍ച്ചെ യെല്ലാപൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുളള വനപ്രദേശത്തുനിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

രഞ്ജിതയും റഫീഖും സ്‌കൂള്‍ കാലം മുതൽ പരിചയക്കാരാണ്. 12 വര്‍ഷം മുന്‍പ് രഞ്ജിത മഹാരാഷ്ട്ര സ്വദേശിയായ സച്ചിന്‍ കട്ടേര എന്നയാളെ വിവാഹം കഴിച്ചു. ഇവര്‍ക്ക് 10 വയസുളള മകനുണ്ട്. ഇരുവരും വേര്‍പിരിഞ്ഞ ശേഷം രഞ്ജിത യെല്ലാപൂരിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കൂളില്‍ ഉച്ചക്കഞ്ഞി വയ്ക്കാന്‍ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിതയോട് റഫീഖ് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തിയിട്ടും രഞ്ജിതയും കുടുംബവും വിവാഹത്തിന് സമ്മതം മൂളിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രഞ്ജിതയുടെ കൊലപാതകം നഗരത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലവ് ജിഹാദ് ആരോപിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് രംഗത്തു വരികയും ഞായറാഴ്ച്ച യെല്ലാപൂരില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. അതിനിടെയാണ് റഫീഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.