വെനസ്വേലയിലെ അധിനിവേശത്തിന് പിന്നാലെ ഗ്രീന്‍ലാന്‍ഡ് ദീപിന് മേലും അവകാശവാദം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നും തന്ത്രപ്രധാനമായ മേഖലയാണ് ഗ്രീന്‍ലാന്‍ഡെന്നും ട്രംപ് പറഞ്ഞു. എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരമായുള്ള സംവാദത്തിനിടെയായിരുന്നു ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചത്. ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഗ്രീന്‍ലാന്‍ഡ് റഷ്യന്‍- ചൈനീസ് കപ്പലുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. പ്രതിരോധത്തിന് ഞങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും ഡെൻമാർക്ക് അധീന പ്രദേശവുമായ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്ന ആവശ്യം ട്രംപ് പ്രകടിപ്പിക്കുന്നത് ഇത് ആദ്യമായല്ല. ദേശീയ സുരക്ഷയ്ക്ക് ഉള്‍പ്പെടെ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും അനിവാര്യമാണെന്ന് പല തവണ ട്രംപ് വ്യക്തമാക്കിയിട്ടുമുണ്ട്.
അതേസമയം ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ കീഴില്‍ കൊണ്ടുവരുമെന്ന് സൂചിപ്പിച്ച് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റൈഫുമായ സ്റ്റീഫന്‍ മില്ലറുടെ ഭാര്യയാണ് കാറ്റി മില്ലര്‍. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ആഗ്രഹം 1867 മുതല്‍ തന്നെ അമേരിക്ക പങ്കുവെച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരവും സൈനികവുമായ പ്രാധാന്യമാണ് ആവശ്യത്തിന് പിന്നില്‍ എന്നാണ് എക്കാലത്തും അമേരിക്ക പറയുന്നത്. ട്രംപ് ഭരണത്തിലെത്തിയതിന് പിന്നാലെ 2019ലും ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും രംഗത്തെത്തിയതോടെ ട്രംപിന്റെ ആഗ്രഹം നടക്കാതെ പോവുകയായിരുന്നു.
