വയനാട്: ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു.
അവധി ദിവസങ്ങളില്‍ പകല്‍സമയത്ത് നിയന്ത്രണം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. അടുത്ത ദിവസം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു.
തിരക്കുള്ള സമയങ്ങളില്‍ ഭാരവാഹനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശം കോഴിക്കോട് ജില്ലാഭരണകൂടത്തിന് മുന്നില്‍വെക്കുമെന്ന് വയനാട് കളക്ടര്‍ ഡോ. രേണുരാജും വ്യക്തമാക്കി.
ഇങ്ങനെയൊരു പ്രപ്പോസല്‍ നേരത്തേ നല്‍കിയതാണ്. കഴിഞ്ഞദിവസം യാത്രക്കാര്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് വലിയ ദുരിതമനുഭവിച്ച സാഹചര്യത്തിലാണ് വീണ്ടും മുന്‍കൈയെടുക്കുന്നത്.
വൈകീട്ട് നാലുമണിക്കുശേഷമാണ് ചുരത്തില്‍ വലിയ തിരക്കനുഭവപ്പെടുന്നത്. ആ കുറച്ചുസമയത്തേക്കാണ് നിയന്ത്രണമാവശ്യപ്പെടുക. വയനാട്ടിലേക്ക് ബദല്‍റോഡ് യാഥാര്‍ഥ്യമാവുന്നതുവരെ ഈ നിയന്ത്രണം തുടരണമെന്നും രേണുരാജ് പറഞ്ഞു.
