കോട്ടയം: പാതിവില തട്ടിപ്പുക്കേസിലെ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് എറണാകുളത്ത് തെളിവെടുപ്പ് നടക്കും.
ഹൈക്കോടതി ജംഗ്ഷനില്‍ ഇയാള്‍ താമസിച്ചിരുന്ന രണ്ട് ഫ്‌ളാറ്റുകള്‍, കടവന്ത്രയില്‍ അനന്തുവിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ് എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ദിവസവും തെളിവെടുപ്പ് നടന്നിരുന്നു. ഈരാറ്റുപേട്ട, കോളപ്ര, ശങ്കരപ്പിള്ളി, ഏഴുംമൈല്‍, പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. ശങ്കരപ്പിള്ളിയില്‍ ഇയാള്‍ വാങ്ങിയതും, അഡ്വാന്‍സ് കൊടുത്തതുമായ സ്ഥലങ്ങള്‍ പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചിടത്ത് ഭൂമി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സെന്റിന് 1.5 ലക്ഷം-4 ലക്ഷം വിലമതിക്കുന്ന സ്ഥലമാണ് പ്രതി സ്വന്തമാക്കിയത്.
ബിനാമി പേരില്‍ ഭൂമി വാങ്ങിയോയെന്നും അന്വേഷിക്കുന്നുണ്ട്. മുട്ടത്ത് 50 ലക്ഷ രൂപയ്ക്ക് 50 സെന്റും, കുടയത്തൂരില്‍ 40 ലക്ഷത്തിന് രണ്ട് പ്ലോട്ടുകളും, ഈരാറ്റുപേട്ടയില്‍ 23 സെന്റും ഇയാള്‍ സ്വന്തമാക്കി. ചില സ്ഥലങ്ങളില്‍ സ്ഥലത്തിന് അഡ്വാന്‍സും കൊടുത്തു.
