ചപ്പാത്തി പരത്താൻ ഏറെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ കൈ കൊണ്ട് കുഴക്കണ്ട, പരത്തണ്ട; സോഫ്‌റ്റ് ചപ്പാത്തി ചുട്ടെടുക്കാൻ എളുപ്പവഴി ഇതാ

കോട്ടയം: ചപ്പാത്തി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും.

പ്രഭാത ഭക്ഷണമായും അത്താഴമായുമൊക്കെ ചപ്പാത്തി കഴിക്കുന്നവർ ഏറെയാണ്. ഇന്ന് ഇൻസ്റ്റന്റ് ചപ്പാത്തിയെയാണ് പലരും ആശ്രയിക്കുന്നത്. അൻപതോ അറുപതോ രൂപയ്‌ക്ക് ഇൻസ്റ്റന്റ് ചപ്പാത്തി വാങ്ങി, പാനിലിട്ട് ചുട്ടെടുക്കുകയാണ് പലരും ചെയ്യുന്നത്. ഈ പൈസയ്‌ക്ക് ആട്ടപ്പൊടി വാങ്ങിയാല്‍ ദിവസങ്ങളോളം ചപ്പാത്തിയുണ്ടാക്കാം.

ആട്ടപ്പൊടി കൈകൊണ്ട് കുഴക്കുന്നതി‌ന്റെയും പരത്തുന്നതിന്റെയുമൊക്കെ ബുദ്ധിമുട്ടുകൊണ്ടാണ് പലരും റെഡി ടു കുക്കിലേക്ക് പോകുന്നത്. മാത്രമല്ല ചപ്പാത്തി പരത്താൻ അറിയാത്താവരും ഉണ്ട്. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ കൈ കൊണ്ട് കുഴക്കുകയോ, ചപ്പാത്തിപ്പലകയില്‍ വച്ച്‌ പരത്തുകയോ ചെയ്യാതെ തന്നെ നല്ല സോഫ്‌റ്റ് ചപ്പാത്തി ഉണ്ടാക്കാൻ സാധിക്കും.

ആവശ്യമായ സാധനങ്ങള്‍

ആട്ടപ്പൊടി

ഉപ്പ്

വെള്ളം

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറെടുത്ത് ആവശ്യത്തിന് ആട്ടപ്പൊടി ഇട്ടുകൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക. ഇളം ചൂടുവെള്ളമാണ് ചേർക്കേണ്ടത്. വളരെ കുറച്ച്‌ നെയ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേർത്തുകൊടുക്കുക. ശേഷം മിക്സിയില്‍ ഇത് ഒന്ന് കറക്കിയെടുക്കുക. വെള്ളം അധികമായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം.

പതിനഞ്ച് മിനിട്ട് അടച്ചുവയ്ക്കുക. ശേഷം ഇത് ചപ്പാത്തി ഉണ്ടാക്കുമ്ബോള്‍ ചെയ്യുന്ന പോലെ ചെറിയ ഉരുളകളാക്കി, പ്രസ് ചെയ്തുകൊടുക്കുക. ഇനി രണ്ട് പ്ലാസ്റ്റിക് കവറെടുക്കുക. ഇതിലേക്ക് കുറച്ച്‌ എണ്ണ തൂകി, എല്ലായിടത്തും തേച്ചുകൊടുക്കാം. പ്ലാസ്റ്റിക് കവറുകളിലൊന്ന് നിലത്ത് വിരിക്കുക. അതിനുമുകളില്‍ ഉരുട്ടിവച്ചിരിക്കുന്ന ആട്ടപ്പൊടി വയ്ക്കുക. ശേഷം മറ്റേ കവർ അതിനുമുകളില്‍ വയ്ക്കുക. എന്നിട്ട് ഒരു സ്റ്റീല്‍ പ്ലേറ്റ് വച്ച്‌ നന്നായി പ്രസ് ചെയ്യുക. ഇനി പ്ലാസ്റ്റിക് കവറില്‍ നിന്നെടുത്ത്, പാനില്‍വച്ച്‌ ചപ്പാത്തി ചുട്ടെടുക്കാം.