കല്‍പ്പറ്റ: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹർത്താല്‍ വയനാട്ടില്‍ തുടങ്ങി.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹർത്താല്‍. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം.
കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. രാവിലെ കല്‍പ്പറ്റ നഗരത്തില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്‌ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.
കല്‍പ്പറ്റ നഗരത്തില്‍ അടക്കം എല്‍ഡിഎഫിന്‍റെ പ്രതിഷേധ പ്രകടനവും നടക്കും. ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹർത്താല്‍.പോലീസ് സംരക്ഷണത്തില്‍ ദീർഘദൂര ബസ്സുകള്‍ സർവീസ് നടത്തുമെന്ന് കെഎസ്‌ആർടിസി അറിയിച്ചിട്ടുണ്ട്.
