വള്ളംകളിയുമായി ബന്ധമില്ലാത്തവരെ നടത്തിപ്പ് ഏല്‍പ്പിച്ചു; താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെടാൻ കാരണമായത് സംഘാടനത്തിലെ പിഴവ്

കോട്ടയം: താഴത്തങ്ങാടിയിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.

വള്ളംകളിയുമായി ബന്ധമില്ലാത്തവരെ ടൂറിസം വകുപ്പ് നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചതിനെതിരെയും അതിരൂക്ഷ വിമർശനം. വള്ളംകളി തടസപ്പെടുത്തിയ കുമരകം ടൗണ്‍ ബോട്ട് ക്ലബിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.

സിബിഎല്‍ വള്ളംകളിയുടെ ആദ്യ മത്സരം തന്നെ അലങ്കോലപ്പെടുകയും സംഘർഷമുണ്ടാവുകയും ചെയ്തത് ടൂറിസം വകുപ്പിന് വലിയ നാണക്കേടാണുണ്ടായത്. വിദേശ വിനോദസഞ്ചാരികളടക്കം വള്ളംകളി കാണാനെത്തിയ സ്ഥലത്താണ് മത്സരങ്ങള്‍ പൂർത്തീകരിക്കാതെ അടിച്ചുപിരിഞ്ഞത്.

ടൂറിസം വകുപ്പ് നേരിട്ട്, ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു വള്ളംകളി. ഒരേപോലെ വള്ളങ്ങള്‍ക്ക് സ്റ്റാർട്ടിങ് ക്രമീകരിക്കാത്തതും ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിനിടെ കൃത്യതയില്ലാതെ ചെറുവള്ളങ്ങള്‍ വിട്ടതും വള്ളംകളി നിയന്ത്രിക്കുന്നതില്‍ പരാചയപ്പെട്ടതുമായിരുന്നു പ്രശ്നങ്ങള്‍.