കോട്ടയം: കോട്ടയം വാരിശ്ശേരി തിരുവാറ്റായിൽ പിക്ക്‌അപ്പ് വാന്‍ മീന്‍കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം,ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12.30 ഓടെ ആയിരുന്നു അപകടം.
അപകടസമയത്ത് മീന്‍കടയിലുണ്ടായിരുന്ന കടയുടമയായ ജിനു , ജീവനക്കാരായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും മീന്‍ വാങ്ങാനായി എത്തിയവർക്കുമാണ് പരിക്കേറ്റത്. മീൻ വാങ്ങാനെത്തിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പച്ചക്കറി വിതരണം നടത്തി ചങ്ങനാശ്ശേരിയിലേയ്ക്ക് മടങ്ങുകയായിരുന്ന വില്ലൂന്നി സ്വദേശിയുടെ പിക്ക്‌അപ്പ് വാനാണ് അപകടത്തില്‍പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വാഹനനിയന്ത്രണം നഷ്ടപ്പെടാൻ കാരണം എന്നാണ് ഡ്രൈവറുടെ വിശദീകരണം.
കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
