വിജയ്ക്ക് കോടികളുടെ ആസ്തി; 404 കോടി രൂപയുടെ ജംഗമ ആസ്തി; 115 കോടി രൂപയുടെ സ്ഥാവര ആസ്തി; 21.83 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കളും; സ്വര്‍ണവും വജ്രവും ആഡംബര കാറുകളും; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്…!

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ, ബിജെപി സഖ്യങ്ങളുടെ ക്ഷണം നിരസിച്ച്‌ വിജയ് 234 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ 234 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ അദ്ദേഹം ഒരേ വേദിയില്‍ പരിചയപ്പെടുത്തി.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23-ന് നടക്കാനിരിക്കെ, നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങി.

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കൊളത്തൂരിലും, നടനും ടിവികെ അധ്യക്ഷനുമായ വിജയ് പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലും, നാം തമിഴർ കക്ഷി നേതാവ് സീമാൻ കാരക്കുടിയിലും ഒരേ ദിവസം പത്രിക സമർപ്പിച്ചു.

നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വിജയ് തൻ്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. താരത്തിന് 404 കോടി രൂപയുടെ ജംഗമ ആസ്തിയും 115 കോടി രൂപയുടെ സ്ഥാവര ആസ്തിയുമാണുള്ളത്. 21.83 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കളുമുണ്ട്.

1.20 കോടി രൂപ വിലമതിക്കുന്ന 883 ഗ്രാം സ്വർണം കൈവശമുണ്ടെന്നും വിജയ് സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ട് ബിഎംഡബ്ല്യു, ലെക്സസ്, ടൊയോട്ട വെല്‍ഫയർ തുടങ്ങിയ കാറുകളും സ്വന്തമായുണ്ട്.

വിജയിയുടെ ഭാര്യ സംഗീതയുടെ കൈവശം 4.07 കോടി രൂപ വിലമതിക്കുന്ന 3,132 ഗ്രാം സ്വർണവും 1 കോടി രൂപയുടെ 134.91 കാരറ്റ് വജ്രവുമുണ്ട്. വിജയിയുടെ സ്ഥാവര ആസ്തികളുടെ നിലവിലെ വിപണി മൂല്യം 220 കോടി രൂപ വരുമെന്നാണ് കണക്ക്.

നീലാങ്കരയിലെ ബംഗ്ലാവ്, പനയൂരിലെ വീട്, ചെന്നൈയിലും പരിസരത്തുമുള്ള കല്യാണമണ്ഡപങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.