ഗുരുവായൂര്‍ ക്ഷേത്രം; ഭണ്ടാര വരവ് 5.21കോടി; ഒപ്പം കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ 2024 മാർച്ച്‌ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂർത്തിയായി.

കണക്കുകള്‍ പ്രകാരം അഞ്ചേകാല്‍ കോടിയിലേറെ രൂപയാണ് ഗുരുവായൂർ ഭണ്ഡാരത്തില്‍ ലഭിച്ചത്.
കൃത്യമായി പറഞ്ഞാല്‍ 5,21,68,713 രൂപയും 2കിലോ 526 ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണവും 18 കിലോ 380ഗ്രാം വെള്ളിയുമാണ് ലഭിച്ചത്.

അതേസമയം കഴിഞ്ഞ മാസങ്ങളിലെ പോലെ ഗുരുവായൂർ ക്ഷേത്രത്തില്‍ മാർച്ച്‌ മാസത്തെ ഭണ്ഡാരത്തിലെ എണ്ണല്‍ പൂർത്തിയായപ്പോളും നിറയെ നിരോധിച്ച നോട്ടുകളും കിട്ടി. കേന്ദ്ര സർക്കാർ പിൻവലിച്ച 141 നോട്ടുകളാണ് ഭണ്ഡാരത്തില്‍ ലഭിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇതില്‍ 2000 ന്‍റെ 47 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 18 നോട്ടുകളും അഞ്ഞൂറിന്‍റെ 76 നോട്ടുകളും ലഭിച്ചു.
സി എസ് ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണല്‍ ചുമതല.

ഇ ഭണ്ഡാര വരവ് 7.22 ലക്ഷം രൂപയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി 722473 രൂപയാണ് ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.