തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.

 

തിരുവനന്തപുരം : അതീവ ഗൗരവമുള്ള കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. എ.സി.ജെ.എം കോടതിയാണ് അപേക്ഷ തള്ളിയത്.കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണമെന്നും ഒളിവില്‍ പോയ റുവൈസിന്റെ പിതാവിനെ കണ്ടെത്തണമെന്നുമടക്കമുള്ള കാര്യങ്ങളായിരുന്നു ജാമ്യാപക്ഷേയെ എതിര്‍ത്തുകൊണ്ട് പൊലീസ് കോടതിയെ ധരിപ്പിച്ചിരുന്നത്.

ഡിലീറ്റ് ചെയ്ത വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പ്രതിയുടെ സാന്നിധ്യത്തില്‍ നിന്ന് തന്നെ വീണ്ടെടുക്കണമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടത്.ഷഹനയുടെ മരണത്തില്‍ റുവൈസിന്റെ പിതാവിനേയും പ്രതി ചേര്‍ത്തിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ പ്രതിചേര്‍ത്തത്.

ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതാണ് ഷഹന ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പി.ജി വിദ്യാര്‍ഥിനിയായിരുന്നു 26 കാരിയായ ഷഹന.