പാലക്കാട്: പാലക്കാട് മങ്കര സ്വദേശി നാരായണിയും കുടുംബവുമാണ് വീട് എപ്പോള്‍ ഇടിഞ്ഞുവീഴുമെന്ന് പേടിച്ച് ഭീതിയില്‍ കഴിയുന്നത്. ലൈഫ് പദ്ധതിയില്‍ വീടിന് വേണ്ടി അപേക്ഷിച്ച് വര്‍ഷങ്ങളായിട്ടും തീരുമാനമായിട്ടില്ല. ഒന്നര വര്‍ഷം മുമ്ബാണ് ഒരു മഴക്കാലത്ത് മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നത്.
ചുമരെല്ലാം വിണ്ടു കീറിയ അവസ്ഥയിലാണ്. അടുത്ത മഴ കൂടി വന്നാല്‍ വീട് പൂര്‍ണമായും നിലം പൊത്തുമോയെന്ന ഭീതിയിലാണ് ഈ കുടുംബം. നഷ്ട പരിഹാരത്തിന് വില്ലേജില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ധന സഹായം ഒന്നും ലഭിച്ചില്ല. നല്ലൊരു വീടിന് ലൈഫ് പദ്ധതിയിലും അപേക്ഷ കൊടുത്തു. പട്ടികയില്‍ പേരും വന്നു, പട്ടികയുടെ അവസാനമാണ് പേര് ചേര്‍ത്തിരുന്നത്.
രോഗബാധിതരായ മകളും മകനും രണ്ട് പേരക്കുട്ടികളുടേയും ഏക ആശ്രയം 70 കാരിയായ നാരായണി മാത്രമാണ്. ഒരു നേരം അരി വേവിക്കാൻ തൊഴിലുറപ്പ് ജോലിക്ക് പോകും. അതില്ലെങ്കില്‍ വീട്ടില്‍ പട്ടിണി. അടച്ചുറപ്പുള്ള വീടുണ്ടെങ്കില്‍ ആരോടും ഒന്നും പറയാതെ ഇതിനുള്ളില്‍ കഴിയാമല്ലോയെന്നാണ് ഈ അമ്മ നിസ്സഹായതയോടെ പറയുന്നത്.
