തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയിട്ടും അനുബന്ധ രേഖ കൈമാറാൻ വൈകിയ സംഭവത്തില്‍ അച്ചടക്ക നടപടി.
അനുബന്ധ രേഖകള്‍ കൈമാറാൻ വൈകിയ ആഭ്യന്തര വകുപ്പിലെ മൂന്ന് വനിതാ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവർക്കാണ് സസ്‌പെഷൻ.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ആഭ്യന്തര വകുപ്പില്‍ എം സെക്ഷനിലെ ഇവർക്കെതിരെ നടപടിയെടുത്തത്. ആഭ്യന്തര സെക്രട്ടറിയ്‌ക്ക് ഇവർ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ.
ഈ മാസം ഒൻപതിനാണ് ഇതുമായി ബന്ധപ്പെട്ടുളള ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍ അന്വേഷണത്തിന്റെ പെർഫോമ (കേസിന്റെ നാള്‍വഴികള്‍)റിപ്പോർട്ട് ഇവർ തയ്യാറാക്കിയിരുന്നില്ല. എഫ്‌ഐആറിന്റെ പരിഭാഷയുള്‍പ്പടെ പെർഫോമയില്‍ ഉണ്ടാകണമെന്നും ഒരു ഡിവൈഎസ്പിയാണ് രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കേണ്ടതെന്നതാണ് ചട്ടം.
എന്നാല്‍ കഴിഞ്ഞ ദിവസം മുതലാണ് പെർഫോമ തയ്യാറാക്കാൻ തുടങ്ങിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
