മൂന്നാറിലെ ഭൂമി കയ്യേറ്റം: നിര്‍ണായക മുന്നറിയിപ്പുമായി ഹൈക്കോടതി; സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്നും വീഴ്ച കണ്ടെത്താൻ സിബിഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ നല്‍കിയ ഉത്തരവ് നടപ്പാക്കാത്തതിന് പിന്നില്‍ ഉന്നതബന്ധങ്ങളുണ്ടോയെന്ന ചോദ്യവും ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു.

ക്കാര്യത്തില്‍ നാളെ ഉച്ചക്ക് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. മൂന്നാറിലെ ഭൂമി കയ്യേറ്റ കേസുകള്‍ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചാണ് കടുത്ത അതൃപ്തി വ്യക്തമാക്കി വീഴ്ചയില്‍ സിബിഐ അന്വേഷണത്തിന്‍റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.

14വർഷമായി കയ്യേറ്റം ഒഴിപ്പിക്കല്‍ നിലച്ച മട്ടാണ്.കോടതി പല ഘട്ടങ്ങളിലായി ഉത്തരവുകള്‍ നല്‍കുന്നെങ്കിലും ആരും നടപ്പാക്കുന്നില്ല. കഴിഞ്ഞ ജനുവരി 9ന് റവന്യു പ്രിൻസിപ്പല്‍ സെക്രട്ടറിയും,ലാന്‍റ് റവന്യു കമ്മീഷണറും,മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അംഗങ്ങളായി മോണിറ്ററിംഗ് സമിതി രൂപീകരിച്ച്‌ കോടതി ഉത്തരവിട്ടിരുന്നു.

മൂന്നാറിലെ കൈയ്യേറ്റത്തിന്‍റെ സാഹചര്യം പരിശോധിച്ച്‌ എവിടെയാണ് വീഴ്ചയെന്നത് റിപ്പോർട്ടായി നല്‍കണമെന്നായിരുന്നു നിർദ്ദേശം.