കോട്ടയം: സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചു പകുതി വിലയ്ക്കു വനിതകള്‍ക്കു സ്‌കൂട്ടര്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ അനന്തു കൃഷ്ണനെ ഈരാറ്റുപേട്ടയില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി അന്വേഷണ സംഘം.
ശതകോടികളുടെ തിരുമറി നടന്നെന്ന ബാങ്ക് വിവരങ്ങള്‍ വെച്ചാണു അനന്തു കൃഷ്ണന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇടുക്കി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അഞ്ച് ഭൂമിയിടപാടുകളാണ് അനന്തു കൃഷ്ണന്‍ നടത്തിയത്. ഇയാളുടെ ബന്ധുക്കളുടെ പേരില്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ 19 ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു വരുന്നുണ്ട്.
അതേസമയം പണം തട്ടിയ കേസില്‍ അനന്തു കൃഷ്ണനെതിരെ തലയോലപറമ്പില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കബളിപ്പിച്ചു എന്നു കാട്ടി അനന്തു കൃഷ്ണനെതിരെ തലയോലപ്പറമ്പ് സ്വദേശികളായ യുവതികളാണ് പരാതി നല്‍കിയത്.
അര്‍.എസ്.എസ് നേതാവിന്റെ ഭാര്യയുടെയും സഹോദരിയുടെയും പരാതിയില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.
ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മേല്‍നോട്ടത്തിലുള്ള നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ എന്ന സംഘടനയുടെ വുമണ്‍ഓണ്‍ വീല്‍സ് പദ്ധതിയുടെ ഭാഗമായി അനന്തു കൃഷ്ണനുമായി ബന്ധപ്പെട്ട സൈന്‍ എന്ന സംഘടന തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ മെയ് ഒന്നിനു യോഗം നടത്തിയിരുന്നു.
തുടര്‍ന്ന് അന്നും രണ്ടാം തിയതിയുമായി യുവതികളില്‍ നിന്നുമായി സൈന്‍ എന്ന സംഘടനയുടെ പേരിലുള്ള ചേരാനല്ലൂര്‍ ധനലക്ഷ്മി ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 63,500 രൂപയും ആര്‍.എസ്.എസ് നേതാവും യുവതിയുടെ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇതേ അക്കൗണ്ടിലേക്ക് 59,500 രൂപയും അടച്ചിരുന്നു.
തട്ടിപ്പു മനസിലായതോടെയാണു ഇരുവരും പരാതി നല്‍കിയത്. തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
