സ്മിത തിരോധാന കേസിൽ ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കി; കോടതി നടപടി പ്രതിയെ കുറ്റക്കാരനാക്കാവുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന വിലയിരുത്തലിനെ തുടർന്ന്

കൊച്ചി: നവവധു ഇടപ്പള്ളി സ്വദേശിനി സ്മിതയെ ദുബായിൽ വച്ച് കാണാതായ കേസിൽ ഭർത്താവ് സാബുവിനെ കോടതി കുറ്റവിമുക്തനാക്കി. 2005ൽ സ്മിതയെ സാബു കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.

2006ൽ ദുബായ് പോലീസ് സ്മിതയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ആന്റണി എന്ന സാബുവും ഇടപ്പള്ളി സ്വദേശി സ്മിതയും 2005ൽ വിവാഹിതരായവരാണ്. സെപ്റ്റംബർ ഒന്നിന് ദുബായിൽ സാബുവിന്റെ അടുത്തെത്തിയ സ്മിതയെ മൂന്നാം തീയതി കാണാതായി. ദമ്പതികൾ താമസിച്ച ഫ്ലാറ്റിന്റെ ഉടമ ദേവയാനിയെ സംശയിച്ച് ദുബായ് പോലീസിൽ സാബു പരാതി നൽകിയിരുന്നു.

പരസ്പരം നൽകിയ പരാതികളിൽ സാബുവും, ദേവയാനിയും 8 മാസം ദുബായ് ജയിലിൽ കിടന്നു. 2011ൽ സ്മിത തിരോധാനത്തിൽ പള്ളുരുത്തി പോലീസ് കേസെടുത്തതിന് പിന്നാലെ 2015ൽ ക്രൈംബ്രാഞ്ചും, 2017ൽ സിബിഐയും അന്വേഷണം ഏറ്റെടുത്തു.

ദുബായിൽ നിന്ന് അമേരിക്കയിലേക്ക് പോയ സാബു തിരികെ വരുമ്പോൾ അറസ്റ്റിലാവുകയും, ശാസ്ത്രീയ പരിശോധനകൾക്കായി അഹമ്മദാബാദിൽ സിബിഐ സംഘമെത്തിച്ച ദേവയാനി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.

ആരോപിക്കപ്പെടുന്നതു പോലെ 2005ൽ സ്മിത കൊല്ലപ്പെട്ടിട്ടില്ലെന്നും, 2006 ൽ മരണപ്പെട്ടുവെന്നുമായിരുന്നു ദുബായ് പോലീസിന്റെ കണ്ടെത്തൽ. 2020ലാണ് സാബുവിനെതിരെ സിബിഐ കുറ്റപത്രംസമർപ്പിച്ചത്. 25 ഓളം സാക്ഷികളെ കേസിൽ വിസ്തരിച്ചു. പ്രതിക്ക് വേണ്ടി അഡ്വ. എം.ജെ സന്തോഷ് ഹാജരായി. പ്രതിയെ കുറ്റക്കാരനാക്കാവുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് കോടതി വിലയിരുത്തി.