പ്രസവത്തിന് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ കഴിയുന്നത് എപ്പോഴാണെന്ന് സംശയമുണ്ടോ? അറിയാം ഏതാണ് നല്ല സമയമെന്ന്

കോട്ടയം: പ്രസവത്തിനു ശേഷമുള്ള ലൈംഗിക ജീവിതത്തെക്കുറിച്ച്‌ നിരവധി സംശയങ്ങളാണ് ഉള്ളത്. പ്രസവത്തിനു ശേഷം എപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാം എന്നത് എല്ലാ ദമ്ബതികള്‍ക്കിടയിലുമുള്ള സംശയമാണ്.

സുഖപ്രസവമോ സിസേറിയനോ എന്തുതന്നെയായാലും ലൈംഗിക ബന്ധത്തില്‍ ഏർപെടുന്നതിന് മുൻപ് ചികില്‍സിച്ച ഗൈനക്കോളജിസ്റ്റിന്റെ നിർദേശം തേടണം.

സിസേറിയൻ സമയത്തെ സ്റ്റിച്ചുകളും സുഖപ്രസവ സമയത്തെ ആന്തരിക മുറിവുകളും ഭേദമാകാതെയുള്ള ലൈംഗികബന്ധം സ്ത്രീയുടെ ആരോഗ്യത്തെ ബാധിക്കാം. അതേസമയം മുലയൂട്ടുന്ന അമ്മമാരുടെ സ്തനങ്ങളില്‍ മുലപ്പാല്‍ കെട്ടിനിന്ന് നേരിയ വേദന അനുഭവപ്പെടാറുണ്ട്.

ഇതെല്ലാം പ്രസ‌വാനന്തരം ലൈംഗിക ജീവിതത്തില്‍ താല്‍പര്യക്കുറവിനു കാരണമാകാം. പ്രസവത്തിനു ശേഷം രണ്ടു മൂന്നു മാസം കഴിഞ്ഞ് ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നതാണ് സ്ത്രീയുടെ ആരോഗ്യത്തിന് നല്ലത്. എന്നാല്‍ ലൈംഗിക ബന്ധത്തിന് ആരോഗ്യകരമായ സമയം വരെ കാത്തിരിക്കണം എന്നു കരുതി പങ്കാളികള്‍ തമ്മിലുള്ള ആത്മബന്ധത്തില്‍ വിള്ളല്‍ വീഴാതെ നോക്കണം.