ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതല്‍; 11 കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ വെളിച്ചത്തില്‍; വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ച

വൈക്കം: കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ച.

വീടിനുള്ളില്‍ വീണ് പരിക്കേറ്റ കുട്ടിയുടെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍.
വീടിനുള്ളില്‍ വീണ് തലയുടെ വലതുഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചെമ്പ് മുറിഞ്ഞപുഴ കൂമ്പേല്‍ കെ പി സുജിത്ത്-സുരഭി ദമ്പതികളുടെ മകന്‍ എസ് ദേവതീര്‍ത്ഥിനെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലായിരുന്നു കുട്ടിയെ എത്തിച്ചത്. മുറിവിന് തുന്നലിടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

എന്നാല്‍ ഡ്രസിങ് റൂമില്‍ വെളിച്ചമില്ലാത്തതിനാല്‍ ഏറെ നേരം പുറത്തിരുന്നു. പിന്നീട് അറ്റന്‍ഡര്‍ എത്തി മുറിക്കുള്ളില്‍ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ് ദേവതീര്‍ത്ഥിനെ ഒ പി കൗണ്ടറിന്റെ മുന്നിലിരുത്തി. എന്നാല്‍ മുറിവില്‍ നിന്നും രക്തം വീണ്ടും ഒഴുകാന്‍ തുടങ്ങിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ്ങില്‍ റൂമില്‍ പ്രവേശിപ്പിച്ചു.

മുറിയില്‍ വെളിച്ചമില്ലാതായതോടെ ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണ് വൈദ്യുതി ഇല്ലാത്തപ്പോള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാറില്ലെന്നാണ് അറ്റന്‍ഡര്‍ മറുപടി നല്‍കിയത്.

മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് പിന്നീട് ദേവതീര്‍ത്ഥിന്റെ മുറിവില്‍ തുന്നിലിട്ടതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. രണ്ട് തുന്നലുകളാണ് കുട്ടിയുടെ തലയിലുള്ളത്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.