ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; പരമാവധി 80,000 പേര്‍ക്ക് മാത്രം അനുമതി; സ്‌പോട്ട് ബുക്കിങ് സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കി

പമ്പ: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം ദര്‍ശനം അനുവദിക്കാന്‍ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം. സ്‌പോട്ട് ബുക്കിങ് സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കി.

ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് വലിയ തിരക്കും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കാനാണ് നിയന്ത്രണങ്ങള്‍.

വെര്‍ച്ച്‌വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാണ് ഈ സംവിധാനം കൊണ്ടുവരുന്നത്.

കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും അവലോകന യോഗം തീരുമാനിച്ചു.