കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ കുറുക്കൻ, കുറുനരി, കാട്ടുപൂച്ച എന്നിവയ്ക്കു പുറമേ കുരങ്ങനും. പനച്ചിക്കാട് അമ്പാട്ടുകടവ് ഭാഗത്തെ വീടുകളിലാണ് കുരങ്ങൻ എത്തുന്നത്. അടുക്കളയിൽ പാകം ചെയ്തുവച്ചിരിക്കുന്ന ഭക്ഷണ പാത്രങ്ങളിൽ കൈയിട്ട് വാരിത്തിന്നുകയും സമീപത്ത് വിതറിയിടുകയുമാണ് ചെയ്യുന്നത്.
കതകുകളും ജനലുകളുമൊക്കെ അടച്ചിട്ട് വീട്ടുകാർ പുറത്തുപോയി മടങ്ങി വരുമ്പോൾ അടുക്കളയിലിരുന്ന് കുരങ്ങൻ വയറു നിറയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. അടുക്കളകളുടെ ചിമ്മിനി വഴി കയറുന്ന കുരങ്ങൻ നാട്ടുകാരെ വലയ്ക്കുകയാണ്.
കഴിഞ്ഞ ആഴ്ച പുലിയാട്ടുപാറ ഭാഗത്ത് പാണംപറമ്പിൽ സന്ദീപ്, രാജേശ്വരി ഭവനിൽ രാജേശ്വരി, കിഴക്കേമംഗലത്ത് ഇന്ദിരാഭായി എന്നിവരുടെ വീടുകളിലും കുരങ്ങനെത്തിയിരുന്നു. സന്ദീപിന്റെ വീടിന്റെ അടുക്കളയിൽനിന്നു പാത്രങ്ങൾ മറിച്ചിട്ട് ചോറും കറികളും കഴിച്ചു.
വീട്ടിലെ പച്ചക്കറികളും കുരങ്ങൻ കൊണ്ടുപോയി. മഞ്ഞൾപ്പൊടി സൂക്ഷിച്ചിരുന്ന പാത്രവുമായി മേൽക്കൂരയിൽ കയറിയ കുരങ്ങൻ മഞ്ഞൾപൊടി മുറ്റം മുഴുവൻ വിതറിയ ശേഷം പാത്രം താഴേക്ക് എറിഞ്ഞിട്ടാണ് രക്ഷപെട്ടത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു വനം വകുപ്പിനെ വിവരം അറിയിച്ചു.
