റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വാഹനമിടിച്ചു; പതിനേഴുകാരന്റെ മരണത്തിന് കാരണം ദേശീയപാത വികസിപ്പിച്ചത്; മൃതദേഹവുമായി പ്രതിഷേധിച്ച്‌ നാട്ടുകാര്‍

കാസര്‍കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി കാസര്‍കോട് ഉദ്യാവറില്‍ പ്രതിഷേധം.

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വാഹനമിടിച്ച്‌ മരിച്ച 17 വയസുകാരൻ സുമന്തിന്റെ മൃതദേഹവുമായാണ് പ്രതിഷേധം.

ദേശീയ പാത വികസിപ്പിച്ചതോടെ റോഡ് മുറിച്ച്‌ കടക്കാൻ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ മൃതദേഹമുള്ള ആംബുലൻസുമായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

20 മിനിറ്റോളമാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ദേശീയ പാത ഉപരോധിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് ഉദ്യാവര്‍ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആള്‍വയെ കാര്‍ ഇടിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 17 വയസുകാരൻ മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് നാട്ടുകാര്‍ രോഷാകുലരായത്.