ജ്യോതിശാസ്‌ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കി ഇന്ത്യയില്‍ നിന്നുള്ള ഒരു വാല്‍നക്ഷത്രം ; ഓരോ 15 ദിവസം കൂടുമ്പോൾ പൊട്ടിത്തെറിക്കുമായിരുന്ന വാല്‍നക്ഷത്രം പെട്ടെന്ന് നിശബ്ദമാത് ദുരൂഹതയുണര്‍ത്തി.

12പി/ പോണ്‍സ്- ബ്രൂക്ക്‌സ് എന്ന വാല്‍നക്ഷത്രമാണ് ശാസ്‌ത്രജ്ഞരെ ആശ്ചര്യപ്പെടുന്നത്. ഓരോ പതിനഞ്ച് ദിവസം കൂടുന്തോറും ബഹിരാകാശത്തേയ്ക്ക് ഐസ് കട്ടകളും പൊടിയും നിക്ഷേപിച്ചുകൊണ്ടിരുന്ന വാല്‍നക്ഷത്രം പെട്ടെന്ന് അഗ്നിപര്‍വതത്തിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതാണ് ആശങ്കകള്‍ക്ക് കാരണമാകുന്നത്.

ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജ്യോതിശാസ്ത്ര സമൂഹത്തില്‍ വാല്‍നക്ഷത്രം ‘ഓള്‍ഡ് ഫെയ്‌ത്ത്‌ഫുള്‍’ എന്നാണ് അറിയപ്പെടുന്നത്. 34 കിലോമീറ്റര്‍ വ്യാസമുള്ള ന്യൂക്ളിയസ് ഈ വാല്‍നക്ഷത്രത്തിന്റെ പ്രത്യേകതയാണ്. കഴിഞ്ഞവര്‍ഷം നിരവധി പൊട്ടിത്തെറികള്‍ ഈ വാല്‍നക്ഷത്രത്തില്‍ സംഭവിച്ചിരുന്നു.

കൂടാതെ കഴിഞ്ഞ ജൂലായില്‍ സൂര്യന് 3.9ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെ നില്‍ക്കെ 12പി/ പോണ്‍സ്- ബ്രൂക്ക്‌സ് വാല്‍നക്ഷത്രത്തിന്റെ തിളക്കം വര്‍ദ്ധിക്കുകയുമുണ്ടായി.ഓരോ പതിനഞ്ച് ദിവസം കൂടുമ്ബോഴും വാല്‍നക്ഷത്രത്തില്‍ പൊട്ടിത്തെറികള്‍ സംഭവിക്കുന്നതിനാല്‍ ഇതിന്റെ പ്രവര്‍‌ത്തന രീതി ജ്യോതിശാസ്ത്രജ്ഞര്‍ക്ക് പ്രവചിക്കാൻ സാധിക്കുമായിരുന്നു.

എന്നാല്‍ ഡിസംബര്‍ 29ന് നടക്കേണ്ടിയിരുന്ന പൊട്ടിത്തെറി ഇതുവരെ സംഭവിച്ചിട്ടില്ല. ഇതിന് മുൻപ് നവംബര്‍ 15, ഡിസംബര്‍ ഒന്ന്, ഡിസംബര്‍ 14 എന്നീ തീയതികളില്‍ ഈ വാല്‍നക്ഷത്രത്തില്‍ പൊട്ടിത്തെറികള്‍ സംഭവിച്ചിരുന്നു. ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ നിക്ക് ജെയിംസും ഡിസംബര്‍ 29ന് പൊട്ടിത്തെറി സംഭവിക്കാത്തതായി കണ്ടെത്തിയിരുന്നു.

12പി/ പോണ്‍സ്- ബ്രൂക്ക്‌സ് വാല്‍നക്ഷത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ശാസ്‌ത്രജ്ഞര്‍. അവസാന പൊട്ടിത്തെറിയുണ്ടായിട്ട് 30 ദിവസം അടുക്കുകയാണ്. അതിനാല്‍ തന്നെ ശാസ്ത്രലോകം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നും വാല്‍നക്ഷത്രം പൂര്‍വസ്ഥിതിയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിക്ക് ജെയിംസ് പറഞ്ഞു.

2024 ഏപ്രില്‍ 21ന് സൂര്യനില്‍ നിന്ന് 0.78 ആസ്‌ട്രോണമിക്കല്‍ യൂണിറ്റും ഭൂമിയില്‍ നിന്ന് 1.60 ആസ്‌ട്രോണമിക്കല്‍ യൂണിറ്റും അകലെ നില്‍ക്കെ 12പി/ പോണ്‍സ്- ബ്രൂക്ക്‌സ് വാല്‍നക്ഷത്രം അതിന്റെ ഏറ്റവും തിളക്കമാര്‍ന്ന നിലയില്‍ എത്തും.1.5 ആസ്‌ട്രോണമിക്കല്‍ യൂണിറ്റാണ് ഭൂമിയോട് അടുക്കാനുള്ള ഏറ്റവും ചെറിയ ദൂരമെന്നതിനാല്‍ ഭൂമിയ്ക്ക് ഇത് ഭീഷണിയുണര്‍ത്താനുള്ള സാദ്ധ്യതയില്ലെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു.