തിരുവനന്തപുരം: സംസ്ഥാനത്ത് എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച് (പിങ്ക്) വിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷൻകാർഡ് അംഗങ്ങളില്‍ 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആർ.അനില്‍ അറിയിച്ചു.
ഇകെവൈസി അപ്‌ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇനിയും 16 ശതമാനത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് 2024 നവംബർ 5 വരെസമയപരിധി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു.
ഇകെവൈസി മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ആദ്യ 5 സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളില്‍ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവില്‍ മസ്റ്ററിംഗ് നടത്തി വരുന്നു.
ഈ പ്രവർത്തി നവംബർ 5 വരെ തുടരും. വിവിധ കാരണങ്ങളാല്‍ ഇപോസില്‍ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്‌കാനർ ഉപയോഗിച്ച് പൂർത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ആവശ്യമായ ക്യാമ്പുകള്‍ നവംബർ 5ന് ശേഷം സംഘടിപ്പിക്കും.
