കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസം….! ഇന്ന് കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ മഴ സാധ്യത

തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.

കേരളത്തിലെ 8 ജില്ലകളില്‍ ഇന്ന് മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
തലസ്ഥാനമടക്കമുള്ള 8 ജില്ലകളിലാണ് ഇന്ന് മഴ സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെയാകട്ടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

കാലാവസ്ഥ വകുപ്പിന്‍റെ ഈ പ്രവചനം അച്ചട്ടാകണേയെന്ന പ്രാർത്ഥനയാകും കൊടും ചൂടില്‍ വലയുന്ന കേരള ജനതയ്ക്ക് ഇപ്പോഴുള്ളത്.

അതിനിടെ കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 14 – 03 – 2024 (ഇന്ന്) രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.