തൃശൂർ: വാടകവീട്ടിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചൂണ്ടൽ തായങ്കാവ് സ്വദേശി മനോജ് (48) നെയാണ് കുന്നംകുളം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി 9 മണിക്ക് പ്രതി വാടകയ്ക്ക് താമസിക്കുന്ന പുതുശ്ശേരി കുറനെല്ലി പറമ്പിലെ വാടകവീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 2.250 കിലോ കഞ്ചാവും വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഓട്ടോറിക്ഷ എക്സൈസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം, ചൂണ്ടൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വധശ്രമം, അടിപിടി, പോക്‌സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായതെന്ന് എക്സൈസ് സംഘം അറിയിച്ചു.
