സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പേരാവൂരില്‍ പ്രിയങ്ക ഗാന്ധി. ഡീല്‍ ആരോപണം പ്രിയങ്കാ ഗാന്ധിയും ആവര്‍ത്തിച്ചു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കും. ശബരിമലയില്‍ നടന്ന വലിയ സ്വര്‍ണക്കൊള്ളയെ കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. പ്രധാനമന്ത്രി ഇതിനെ കുറിച്ച് മിണ്ടിയില്ല. അന്വേഷണം നല്ല രീതിയില്‍ നടക്കുന്നില്ല. പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ ഇഡി, ഇന്‍കം ടാക്‌സ്, സിബിഐ എന്നിവയുടെയെല്ലാം കേസുകളുണ്. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയില്ലഎന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറിച്ച് ആലോചിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് മനസില്‍ വരുന്നതെന്ന് പ്രവര്‍ത്തകരോട് പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇല്ല എന്നായിരുന്നു ജനങ്ങളുടെ ആര്‍പ്പുവിളി. വിലക്കയറ്റം നേരത്തെയുള്ളതിനേക്കാള്‍ രൂക്ഷമായി മാറിയിരിക്കുകയല്ലേ എന്നും അവര്‍ ചോദിച്ചു. അതേ എന്ന് പ്രവര്‍ത്തകര്‍ മറുപടി നല്‍കി. ഇത്തരത്തില്‍ തൊഴിലില്ലായ്മയെ കുറിച്ചുള്‍പ്പടെ പ്രിയങ്ക പ്രവര്‍ത്തകരോട് ചോദ്യമുന്നയിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷം അഴിമതിയും അത്യാഗ്രഹവുമാണ് സംസ്ഥാനത്തെ ഭരിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ നിന്നാണെന്നിരിക്കിലും സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ച്ചയിലാണെന്നും എംപി പറഞ്ഞു. തൊഴിലില്ലായ്മയില്‍ റെക്കോര്‍ഡിട്ടിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
