സ്കൂള്‍ ബസിന്റെ വാതിലില്‍ പാവാട കുടുങ്ങി; ഡ്രൈവറുടെ അശ്രദ്ധയില്‍ ടയറിനടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ കാലിന് ഗുരുതരമായ പരിക്ക്

സ്വന്തം ലേഖിക

കണ്ണൂര്‍: ആറളം സ്കൂളിലെ വിദ്യാര്‍ത്ഥിനിക്ക് സ്കൂള്‍ ബസിന്‍റെ ടയറിനടിയില്‍പ്പെട്ട് ഗുരുതര പരിക്കേറ്റു.

ആറളം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി വിദ്യയ്ക്കാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്നത് ഈ മാസം ഒൻപതിനായിരുന്നു.

വൈകീട്ട് സ്കൂള്‍ വിട്ട് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വീടിനടുത്ത് സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടിയുടെ പാവാട വാതിലില്‍ കുടുങ്ങി. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തപ്പോള്‍ വിദ്യ നിലത്തുവീണു.

വിദ്യയുടെ കാലിലൂടെ പിൻ വശത്തെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. കുട്ടി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡ്രൈവര്‍ക്കെതിരെ ആറളം പൊലീസ് കേസെടുത്തു.