വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാലാ ചേർപ്പുങ്കലിലെ ഫാല്‍ക്കണ്‍ സ്ഥാപനത്തിനെതിരെ പരാതി; തട്ടിപ്പിനിരയായത് നൂറോളം പേർ; പ്രതികളിലൊരാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍; മറ്റൊരാള്‍ തട്ടിപ്പ് തുടരുന്നു

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്തതായി പരാതി.

കോട്ടയം പാലാ ചേർപ്പുങ്കലിലെ ഫാല്‍ക്കണ്‍ എന്ന സ്ഥാപനത്തിനെതിരെ പണം നഷ്ടമായവർ പോലീസില്‍ പരാതി നല്‍കി. നൂറോളം പേർ തട്ടിപ്പിനിരയായി.

യൂറോപ്യൻ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ചേർപ്പുകലിലെ ഫാല്‍ക്കൻ എച്ച്‌ആർ മൈഗ്രേഷൻ എന്ന സ്ഥാപന ഉടമകളാണ് പണം വാങ്ങി മുങ്ങിയത്.

ജോലിയുടെ പ്രാരംഭ നടപടികള്‍ക്കായി 6 ലക്ഷം രൂപ വരെ ഉദ്യോഗാർഥികള്‍ നല്‍കി. എന്നാല്‍ ജോലി ലഭിക്കാത്തിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടു ഫോണില്‍ വിളിക്കുമ്പോള്‍ സ്ഥാപന ഉടമകള്‍ പ്രതികരിക്കാതെയായി. ഇതിനു പിന്നാലെയാണ് ഇവർ പൊലീസിനെ സമീപിച്ചത്.

ആളുകളെ വിദേശത്തേക്ക് അയക്കുന്നതിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ഥാപന ഉടമകളായ രണ്ടു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി. മറ്റൊരാള്‍ ഇപ്പോഴും ഫോണിലൂടെ തട്ടിപ്പു തുടരുകയാണെന്നും പരാതിക്കാർ ആരോപിച്ചു.

വായ്പയെടുത്തും പണയം വച്ചുമാണ് പലരും ഏജൻസിക് പണം നല്‍കിയത്. സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യണമെന്നും നഷ്ട്ടമായ തുക തിരികെ ലഭ്യമാക്കാനും പോലീസ് നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.