കോട്ടയം ഗവ. നഴ്സിംഗ് കോളജ് റാഗിംഗ്; പ്രതികളായ വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്തു

ഗാന്ധിനഗർ: കോട്ടയം ഗവ. മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥികളെ റാഗിംഗിനു വിധേയരാക്കിയ മൂന്നാം വർഷ വിദ്യാർഥികളായ അഞ്ചു പേരെയും അധികൃതർ നഴ്സിംഗ് കോളജില്‍ നിന്നു സസ്പെൻഡ് ചെയ്തു.

സംഭവത്തെപ്പറ്റി നഴ്സിംഗ് കോളജിലെ സീനിയർ അധ്യാപകരുടെ അന്വേഷണത്തിനു ശേഷമാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്ന് നഴ്സിംഗ് കോളജ് പ്രിൻസിപ്പല്‍ ഇൻചാർജ് പറഞ്ഞു.

സംഭവം സംബന്ധിച്ച്‌ ആരോഗ്യ സർവകലാശാലാ മേധാവിക്കും കോട്ടയം പോലീസ് ചീഫിനും റിപ്പോർട്ട് നല്‍കിയിട്ടുണ്ടെന്നും നിയമ നടപടികള്‍ക്കു ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

കോളജില്‍ ആന്‍റി റാഗിംഗ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും ഇതുവരെ ഇത്തരം സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രിൻസിപ്പല്‍ ഇൻ ചാർജ് സൂചിപ്പിച്ചു.