സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാട്ടുകാരോട് അപവാദം പറഞ്ഞു നടന്നു എന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തി കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി.
അഞ്ചുതെങ്ങ് കടപ്പുറത്ത് തോണിക്കാവ് യുവശക്തി സ്‌പോര്‍ട്‌സ് ആൻഡ് ആര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗാനമേള നടത്തിയിരുന്നു. ഗാനമേള കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അഞ്ചുതെങ്ങ് തെറ്റിമൂല സൂനാമി കോളനിക്ക് സമീപം ഷാപ്പ് ഹൗസില്‍ റിക്‌സനെ (18) റോയ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തു വെച്ച് തന്നെ റിക്സൻ മരിച്ചു. സമീപത്തെ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയതും വനിത ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്ന കാര്യവും റിക്‌സണ്‍ നാട്ടുകാരോട് പറഞ്ഞ് തന്നെ അപമാനിച്ചെന്ന് ആക്ഷേപിച്ചായിരുന്നു കൊലപാതകം. റിക്സനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് തെറ്റിമൂല ഡയാന ഭവനില്‍ ടോമിയാണ് കേസിലെ ഏക ദൃക്സാക്ഷി.
തെറ്റിമൂല അനാഥമന്ദിരത്തിന് സമീപമെത്തിയപ്പോള്‍ ഇരുട്ടത്ത് ഒളിഞ്ഞിരുന്ന റോയി റിക്സനെ കുത്തിവീഴ്ത്തുന്നത് കണ്ടെന്ന് ടോമിയും റിക്സന്റെ നിലവിളി കേട്ട് സ്ഥലത്ത് ചെന്നപ്പോള്‍ റിക്സണ്‍ കുത്തേറ്റ് കിടക്കുന്നതും റോയ് കത്തിയുമായി ഓടുന്നതും കണ്ടെന്നും അയല്‍വാസി ശാന്തിയും മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീൻ, ദേവിക മധു, അഖിലലാല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 23 രേഖകളും 10 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. കടയ്ക്കാവൂര്‍ പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ആയിരുന്ന എസ്. ഷെരീഫാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.
