തൃശ്ശൂർ: പാവറട്ടി മരുതയൂരില്‍ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ കളക്ഷൻ ഏജന്റ് സ്ത്രീകളെയും കുട്ടിയെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
സംഭവത്തില്‍ മരുതയൂർ സ്വദേശി കുണ്ടുവീട്ടില്‍ ഗിരീഷ്, ഭാര്യ സുബൈദ (34), മൂന്നുവയസ്സുള്ള മകള്‍ എന്നിവരെയാണ് ഏജന്റുമാരില്‍ ഒരാള്‍ ആക്രമിച്ചത്. ഗുരുവായൂർ സ്വദേശി വടക്കുഞ്ചേരി വീട്ടില്‍ ധീരജ് (29) ആണ് പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കാണിപ്പയ്യൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തതിൻ്റെ കുടിശ്ശിക പിരിച്ചെടുക്കാനെത്തിയ ഏജന്റാണ് അതിക്രമം നടത്തിയത്.
മരുതയൂർ സ്വദേശി മണിയുടെ ഭാര്യ സന്ധ്യയോട് കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോള്‍, രണ്ടു ദിവസത്തെ സാവകാശം ചോദിച്ചു. ഇതിനെത്തുടർന്ന് ധീരജ്, സന്ധ്യയുടെ മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
