തിരുവനന്തപുരം: മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ബോക്‌സോഫീസിന് പുതിയ പ്രതീക്ഷയാകുന്നു.
ആദ്യ രണ്ടു ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം പത്ത് കോടി നേടി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ച പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’ ഒക്ടോബര്‍ 31-നാണ് ആഗോള റിലീസായെത്തിയത്.
”ക്രോധത്തിന്റെ ദിനം” എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെ എത്തിയ ഈ ഹൊറര്‍ ത്രില്ലര്‍. ആഗോള കളക്ഷനില്‍ 18 കോടിയുമായി. ഇതോടെ ഈ ചിത്രവും നൂറു കോടി കടക്കുമെന്നാണ് പ്രതീക്ഷ.
‘ഭ്രമയുഗം’ എന്ന വിജയചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ആദ്യ ദിവസം 11 കോടിയോളം നേടിയ ചിത്രം രണ്ടാം ദിവസം 7 കോടി കൂടി നേടി മൊത്തം കളക്ഷന്‍ 18 കോടിയില്‍ ആഗോള കളക്ഷന്‍ എത്തിച്ചു.
അടുത്ത കാലത്ത് ലോകാ ചാപ്റ്റര്‍ 1 എന്ന ചിത്രം മലയാളത്തില്‍ നിന്നും 200 കോടി ക്ലബ്ബില്‍ കളക്ഷന്‍ നേടിയിരുന്നു. ഇതും ഹൊറര്‍ മൂഡിലുള്ളതായിരുന്നു. ഈ സിനിമയ്ക്ക് ആദ്യ രണ്ടു ദിവസം ഇന്ത്യയില്‍ നിന്നും കളക്ഷനായി കിട്ടിയത് എട്ടര കോടിയോളമായിരുന്നു. ഈ കണക്കും പ്രണവിന്റെ ഡീയസ് ഈറ കടത്തി വെട്ടുന്നു. മോഹന്‍ലാലിന്റെ മകന്റെ ചിത്രം 200 കോടി നേട്ടമുണ്ടാക്കുമെന്നതിന്റെ സൂചനയാണ് ഇത്.
ഒടിടിയും സാറ്റലൈറ്റും അടക്കം 200 കോടി ക്ലബ്ബില്‍ പ്രണവ് ചിത്രമെത്തിയാല്‍ അത് പുതിയ സൂപ്പര്‍ സ്റ്റാറിന്റെ ഉദയമാകും. ലോകയില്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയായിരുന്നു നായിക. പ്രണവിന്റെ കളിക്കൂട്ടുകാരി. കല്യാണിയ്ക്ക് ലോക നല്‍കിയത് ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയാണ്. ഇപ്പോള്‍ ലാലിന്റെ മകനും മറ്റൊരു ഹൊററുമായി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തുന്നു.
