തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ വീണ്ടും ഗുരുതരാരോപണങ്ങൾ; കുട്ടികൾ ഭീകരമായ റാഗിങ്ങ് അനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്ന പരാതിയുമായി രക്ഷിതാക്കൾ

എറണാകുളം: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നിരവധി മാതാപിതാക്കൾ രംഗത്ത് വന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്ക്‌കൂളിനെതിരെ കൂടുതൽ റാഗിങ് പരാതികൾ ലഭിച്ചിട്ടുണ്ട്.

മക്കൾക്ക് ഗ്ലോബൽ പബ്ലിക് സ്‌ളിൽ വച്ച് ഭീകരമായ റാഗിങ്ങ് അനുഭവങ്ങൾ നേരിടേണ്ടി വന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്. ആത്മഹത്യയുടെ വക്കു വരെ എത്തിയ മകൻ്റെ പരാതി സ്കൂൾ അധികൃതർ അവഗണിച്ചതിനാൽ ടി.സി വാങ്ങി കുട്ടിയെ മറ്റൊരു സ്‌കൂളിലേയ്ക്ക് ചേർക്കേണ്ടി വന്നതായും ഒരു രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഹിറിന്റെ മാതാവിൻ്റെ പരാതിയിൽ കുട്ടിയുടെ മാതാപിതാക്കൾ, ഗ്ലോബൽ പബ്ലിക്ക് സ്കൂൾ, കാക്കനാട് ജെംസ് സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ, സ്കൂൾ മാനേജ്‌മൻ്റ് പ്രതിനിധികൾ എന്നിവരെ നേരിൽ കണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്. എന്നാൽ റാഗിങ്ങ് സംബന്ധമായ ആരോപണങ്ങൾ സ്കൂ‌ൾ അധികൃതർ നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഹിർ അഹമ്മദ് സഹപാഠികളോട് വളരെ സൗഹാർദ്ദപരമായി പെരുമാറിയിരുന്ന പഠന, പഠ്യേതര വിഷയങ്ങളിൽ സജീവമായിരുന്ന കുട്ടി ആണെന്നാണ് അധ്യാപകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. മിഹിറുമായി ബന്ധപ്പെട്ട് സ്‌കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും അധ്യാപകർ വ്യക്തമാക്കിയിട്ടുണ്ട്. മിഹിറിൻ്റെ മരണത്തിൽ അന്വേഷണം തുടരുകയാണെന്നും, കൂടുതൽ നടപടികൾ ദ്രുതഗതിയിൽ സ്വീകരിച്ച് വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.