ന്യൂഡല്‍ഹി: ഇന്ത്യൻ മരുന്ന് കമ്പനികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ചെടുത്തത് നാല് അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍.
സര്‍ക്കാര്‍ ഏജൻസികളുടെ സഹായത്തോടെയാണ് മരുന്നുകള്‍ വികസിപ്പിച്ചത്. രോഗങ്ങളില്‍ ഭൂരിഭാഗവും ജനിതകമാണെന്നാണ് വിവരം. ഇതാകട്ടെ കൂടുതലായും കുഞ്ഞുങ്ങളെയാണ് ബാധിക്കുന്നത്.
ഈ മരുന്നുകള്‍ കൊണ്ട് ചികിത്സാ ചെലവ് 100 മടങ്ങ് കുറയുന്നുവെന്നാണ് മരുന്നുകമ്പനികളുടെ അവകാശവാദം. ഉദാഹരണത്തിന് ജനിതക വൈകല്യമായ ടൈറോസിനേമിയ ടൈപ്പ് 1 ന്റെ ചികിത്സയ്ക്ക് പ്രതിവര്‍ഷം 2.2 കോടി മുതല്‍ 6.5 കോടി വരെ വാര്‍ഷിക ചെലവ് ആവശ്യമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ മതിയാകും. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടിക്ക് പത്ത് വയസാകുമ്പോഴേക്ക് മരണം സംഭവിക്കും. നിറ്റിസിനോണ്‍ ( Nitisinone ) എന്നാണ് കുട്ടിയ്ക്ക് നല്കുന്ന മരുന്നിന്റെ പേര്.
ഇതുകൂടാതെ ഗൗച്ചേഴ്സ് ഡിസീസ് ( Gaucher’s Disease ), വില്‍സണ്‍സ് ഡിസീസ്( Wilson’s Disease), ലെനോക്സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.
ഗൗച്ചേഴ്സ് ഡിസീസ് ചികിത്സയ്ക്ക് പ്രതിവര്‍ഷം 1.83.6 കോടി രൂപവരെ വേണ്ടിവരുമായിരുന്നു. ഇനി 3.6 ലക്ഷം രൂപ മതിയാകും. വില്‍സണ്‍സ് ഡിസീസ് ചികിത്സയ്ക്ക് 2.2 കോടിയില്‍ വേണ്ടിടത്ത് ഇനി 2.2 ലക്ഷം രൂപ മതി. ലെനോക്സ് ഗാസ്റ്റൗട്ട് സിൻഡ്രോത്തിന് പ്രതിവര്‍ഷം 7 -34 ലക്ഷം വരെ വേണ്ടിവരുമായിരുന്നു. ഇനി ഒന്നര ലക്ഷം രൂപയ്ക്ക് ചികിത്സ കിട്ടും.
