കോട്ടയം: മീനച്ചിലാറിന്റെ തീരങ്ങളില്‍ ശുദ്ധജല സൂചികയായ തുമ്പികളുടെ എണ്ണം അപകടകരമായ തോതില്‍ കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കേരള വനംവകുപ്പ് ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസും (ടൈസ്) ചേര്‍ന്ന് നടത്തിയ ഒന്‍പതാമത് മീനച്ചില്‍ തുമ്പി സര്‍വേയിലാണ് നിര്‍ണായകമായ കണ്ടെത്തല്‍.
കാലാവസ്ഥാ മാറ്റത്തിനൊപ്പം മീനച്ചിലാറിന്റെ തീരങ്ങളില്‍ മലിനീകരണ തോത് ഉയര്‍ന്നത് തുമ്പികളുടെ എണ്ണം കുറയാനുള്ള കാരണമായി കരുതപ്പെടുന്നു. മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഭാഗമൊഴികെ, മാര്‍മല വെള്ളച്ചാട്ടം മുതല്‍ പതനസ്ഥാനമായ പഴുക്കാനിലക്കായല്‍ വരെ മലിനീകരണം ഗുരുതരമായി വര്‍ധിച്ചു.
മാലിന്യത്തിന്റെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ട് വളരുന്ന ഒട്ടേറെ തുമ്പി ഇനങ്ങള്‍ കുറഞ്ഞുവരികയോ അപ്രത്യക്ഷമാകുകയോ ചെയ്യുകയാണെന്നും സര്‍വേയില്‍ കണ്ടെത്തി. ഈ വര്‍ഷം 18 കല്ലന്‍തുമ്പികളും (dragonfly) 19 സൂചിതുമ്പികളും (damselfly) ഉള്‍പ്പെടെ 37 ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളില്‍ കണ്ടെത്താനായത്.
മുന്‍വര്‍ഷങ്ങളിലേക്കാള്‍ ശരാശരി 10 ഇനങ്ങള്‍ കുറവാണിത്. സാധാരണ കൂടുതലായി കണ്ടുവന്നിരുന്ന കല്ലന്‍തുമ്പികളുടെ വൈവിധ്യമാണ് സൂചിതുമ്പികളെ അപേക്ഷിച്ച് സാരമായി കുറഞ്ഞത്. പുള്ളിനിഴല്‍ തുമ്പിയെ (ബിഎഡ് റീഡ് ടെയ്ല്‍) കിടങ്ങൂര്‍, തിരുവഞ്ചൂര്‍, തണലോരം എന്നിവിടങ്ങളിലും ചെങ്കറുപ്പന്‍ അരുവിയന്‍ (മലബാര്‍ ടോറന്റ് ഡേറ്റ്) എന്ന ഇനത്തെ മേലടുക്കത്തും കാണാനായി.
മേലടുക്കത്തൊഴികെ എല്ലായിടത്തും മലിനീകരണ സൂചകമായ ചങ്ങാതിതുമ്പികളെ വ്യാപകമായി കണ്ടു. ഇത്തവണ തുമ്പി സര്‍വേയോടൊപ്പം മീനച്ചിലാറിന്റെ 16 ഇടങ്ങളില്‍നിന്ന് വെള്ളത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും പഠന വിധേയമാക്കിയിരുന്നു.
ജല പരിസ്ഥിതിയുടെ വർധിച്ചുവരുന്ന നാശം തുമ്പികളെ മാത്രമല്ല, മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി.കണ്‍സര്‍വേറ്റര്‍ കെ ബി സുഭാഷ്, ടൈസ് പ്രസിഡന്റ് ഡോ.എബ്രഹാം സാമുവല്‍ കെ എന്നിവര്‍ പറഞ്ഞു.
