എരുമേലിയിൽ പുതിയ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ എതിർപ്പുമായി ജനപ്രതിനിധികൾ; പുതിയ ക്വാറികൂടി വന്നാൽ ജനജീവിതം പ്രതിസന്ധിയിലാകുമെന്ന് പ്രദേശവാസികൾ; പദ്ധതി അനുവദിക്കരുതെന്നാവശ്യപ്പെട്ട് കുടുംബശ്രീ അംഗങ്ങളായ 40 വനിതകൾ ഒപ്പിട്ട ഭീമഹർജിയും അധികൃതർക്കു സമർപ്പിച്ചു

എരുമേലി: കരിങ്കല്ലുമ്മുഴിക്കു സമീപം പുതിയ ക്വാറി തുടങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പിൽ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശക്ത‌മായ എതിർപ്പ്.

എൽആർ വിഭാഗം ഡപ്യൂട്ടി കളക്ട‌ർ കെ.ഉഷ ബിന്ദുമോൾ, തഹസിൽദാർ കെ.എം. ജോസുകുട്ടി, മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം അസിസ്‌റ്റൻ്റ് എൻവയൺമെന്റ് എൻജിനീയർ രവികുമാർ, ജില്ലാ എൻവയൺമെൻ്റ് എൻജിനീയർ എബി വർഗീസ്, സാമൂഹികാഘാത പഠന റിപ്പോർട്ട് തയാറാക്കിയ ലക്നൗ പരിവേഷ് പരിസ്‌ഥിതി എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്‌ഥർ, സ്‌ഥലം ഉടമ, ക്വാറി അപേക്ഷകൻ തുടങ്ങിയവർ പങ്കെടുത്തു.

അദാലത്തിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞവരിൽ ഒരാൾ മാത്രമാണ് പദ്ധതിയെ പൂർണമായി അനുകൂലിച്ചുള്ള നിലപാട് സ്വീകരിച്ചത്. നിലവിൽ 19, 20 വാർഡുകളിലായി ഒരു കിലോമീറ്ററിനുള്ളിൽ 4 ക്വാറികളുണ്ട്. ഈ ക്വാറികളുടെ പ്രവർത്തനം മൂലം പരിസരവാസികൾ ഏറെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ പുതിയ ഒരു ക്വാറി കൂടി വന്നാൽ മേഖലയിൽ ജനജീവിതം പ്രതിസന്ധിയിലാകും.

അതിനാൽ പുതിയ ക്വാറിക്ക് അനുമതി കൊടുക്കരുതെന്നായിരുന്നു മിക്കവരുടെയും നിലപാട്. ശബരിമല തീർത്ഥാടകർ സ്‌നാനം നടത്തുന്ന വലിയ തോട്ടിലെ ശുദ്ധജലം മലിനമാകും, പ്രദേശത്തെ ജനങ്ങളുടെ ശുദ്ധജല സ്രോതസ്സുകൾ മലിനമാകും, ദേശീയപാത അടക്കമുള്ള റോഡുകൾ പാറ ലോഡുമായി ഭാരവാഹനങ്ങൾ പോകുന്നതു മൂലം തകരും, ശബ്ദമലിനീകരണം, പൊടിശല്യം, പരിസര മലിനീകരണം എന്നിവ ഉണ്ടാകും, ശ്വാസകോശ രോഗങ്ങൾക്കു കാരണമാകും തുടങ്ങി ഒട്ടേറെ പരാതികളാണ് നാട്ടുകാർ ഉന്നയിച്ചത്.

പദ്ധതി അനുവദിക്കരുതെന്നാവശ്യപ്പെട്ട് ശ്രീദീപം കുടുംബശ്രീ അംഗങ്ങളായ 40 വനിതകൾ ഒപ്പിട്ട ഭീമഹർജിയും അധികൃതർക്കു സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ വി.ഐ. അജി, കോൺഗ്രസ് നേതാവും വാർഡ് അംഗവുമായ നാസർ പനച്ചി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അബ്‌ദുൽ ഷെമിം, ബിജെപി ബൂത്ത് പ്രസിഡൻ്റ് എം.എൽ.രാജു, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി വിജി വെട്ടിയാനിക്കൽ, ബിഎസ്‌പി പ്രതിനിധി വി.സി.അനിയൻ, സിപിഎം ബ്ലോക്ക് സെക്രട്ടറി എം.എ.നിഷാദ്, പൊതുപ്രവർത്തകൻ എബി കാവുങ്കൽ തുടങ്ങിയവർ പദ്ധതി പാടില്ലെന്ന നിലപാട് സ്വീകരിച്ചു.